ജംഅ്

 രണ്ട് നിസ്‌കാരങ്ങളെ ഏതെങ്കിലും ഒരു നിസ്ക്കാരത്തിന്റെ സമയത്ത് നിർവഹിക്കുന്നതിന്നാണ് ജംഅ് എന്ന് പറയുന്നത്. ജംഅ് എന്ന പദത്തിന് ഒരുമിച്ച്കൂട്ടുക എന്നാണർത്ഥം.ജംഅ് 2 വിധമുണ്ട്.

1. ജംഉതഖ്ദീം ( മുന്തിച്ചു ജംആക്കുക)

2. ജംഉതഅ്ഖീർ (പിന്തിച്ച് ജംആക്കുക)


ളുഹ്റും അസ്റും ളുഹ്റിന്റെ സമയത്തും മഅരിബും ഇശായും മഅറിബിന്റെ സമയത്തും നിർവഹിക്കുന്നതിനാണ് ജംഉതഖ്ദീം എന്ന് പറയുന്നത്. ളുഹ്റും അസ്റും അസ്റിന്റെ സമയത്തും, മഗ്‌രിബും ഇശായും ഇശായുടെ സമയത്തും നിർവഹിക്കുന്നതിന് ജംഉത്തഅ്ഖീർ എന്നും പറയുന്നു. ഖസ്‌റാക്കി നിസ്‌ക്കരിക്കാൻ അനുവാദമുള്ള യാത്രക്കാരൻ ജംആക്കി നിസ്‌ക്കരിക്കാനും അനുവാദമുണ്ട്.

മുന്തിച്ചു ജംആക്കി നിസ്‌ക്കരിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം.

1. ആദ്യ നിസ്ക്കാരം തന്നെ ആദ്യം നിർവഹിക്കുക.ഉദാഹരണത്തിന് ളുഹ്റും അസ്റും ളുഹ്റിന്റെ സമയത്തേക്ക് മുന്തിച്ച് നിസ്‌ക്കരിക്കുകയാണെങ്കിൽ ആദ്യം ളുഹ്റ് തന്നെ നിസ്കരിക്കണം. അതിന് ശേഷമേ അസ്റ് നിസ്കരിക്കാൻ പാടുള്ളൂ.

2. ആദ്യ നിസ്‌കാരത്തിന്റെ തക്ബീറത്തുൽ ഇഹ്റാമിലോ ആദ്യ നിസ്ക്കാരം തീരുന്നതിന്ന് മുമ്പ് എപ്പോഴെങ്കിലുമോ ജംആക്കി നിസ്‌ക്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക.

3. ആദ്യ നിസ്ക്കാരം കഴിഞ്ഞ ഉടനെ തന്നെ രണ്ടാമത്തെ നിസ്ക്കാരവും നിർവഹിക്കുക.

4. രണ്ടാമത്തെ നിസ്ക്കാരത്തിന് വേണ്ടി തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോഴും യാത്ര അവസാനിക്കാതിരിക്കുക.


പിന്തിച്ചു ജംആക്കുന്നതിന് നേരത്തെ പറഞ്ഞ നിബന്ധനകൾക്ക് പുറമെ ഒരു നിബന്ധന കൂടിയുണ്ട്. ഏതൊരു നിസ്ക്കാരത്തെയാണോ പിന്തിക്കുന്നത് ആ നിസ്‌കാരത്തിന്റെ സമയത്ത് തന്നെ നിസ്ക്കാരത്തെ പിന്തിക്കുന്നു എന്ന് കരുതണം.ഉദാഹരണത്തിന് ളുഹ്റും അസ്റുമാണ് പിന്തിച്ചു ജംആക്കുന്നതെങ്കിൽ ളുഹ്റിന്റെ സമയത്ത് തന്നെ കരുതണം. ഇല്ലെങ്കിൽ ളുഹ്റ് ഖളാആവുകയും അത് മൂലം ശിക്ഷക്ക് ഇരയായിത്തീരുകയും ചെയ്യും. പിന്തിച്ച് ജംആക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ സുന്നത്താണ്.

1.ആദ്യത്തെ നിസ്ക്കാരം ആദ്യവും രണ്ടാമത്തെ നിസ്ക്കാരം രണ്ടാമതും നിർവഹിക്കുക.

2. ഒരു നിസ്ക്കാരം നിർവഹിച്ച ഉടനെ തന്നെ രണ്ടാമത്തേതും നിർവഹിക്കുക.

3. ആദ്യ നിസ്‌കാരത്തിന്റെ തക്ബീറത്തുൽ ഇഹ്റാമിൽ തന്നെ ജംഇന്റെ നിയ്യത്ത് ചെയ്യുക.

Comments

Post a Comment